Wednesday, 27 July 2016

കേരളത്തിലെ സ്ഥലനാമങ്ങളുടെ ചരിത്രം

കേരളത്തിലെ സ്ഥലനാമങ്ങളിലൂടെ ഒരു യാത്ര......

കേരളചരിത്രം എന്ന് പറഞ്ഞ് നാം പലതും പഠിച്ചിട്ടുണ്ട്. ഇംഗ്ലീഷുകാരന്റെ വീരഗാഥകളെ നാം പഠിക്കുമ്പോഴും നാം മറുന്നുപോയ ഒന്നാണ് നാം ജനിച്ചു വളര്ന്ന സ്ഥലങ്ങളുടെ ചരിത്രവും കൂടി  പഠിക്കുക എന്നത്. ഇന്ന് നാം പറയുന്ന പലസ്ഥലങ്ങളും പഴയകാലത്ത് ആ പേരുകളിലല്ല അറിയപ്പെട്ടിരുന്നത്. അതുപോലെ എന്തുകൊണ്ട് ആ പേരുകൾ ഉപയോഗിക്കുന്നു എന്ന് നാം ചിന്തിക്കാറുമില്ല. കേരളത്തിന്റെ ചരിത്രത്തേയും മറ്റ് വിഷയങ്ങളേയും അടിസ്ഥാനപ്പെടുത്തി ആയിരുന്നു സ്ഥലനാമങ്ങളെ നിശ്ചയിച്ചിരുന്നത്. കാലത്തിന്റെ മാറ്റം കൊണ്ട് ഇന്ന് അതുമായി യാതൊരു ബന്ധമില്ലാത്ത പേരുകളു ഉപയോഗിക്കുകയും ചെയ്യുന്നു. പഴയ പേരുകളുടെ ചരിത്രവും അതിന്റെ അര്ഥവും മനസ്സിലാക്കാനായി കേരളത്തിലെ പ്രധാന സ്ഥലങ്ങളിലൂടെ  ഒരു യാത്ര പോകാം..

ആദ്യം കേരളം ആകട്ടെ..  സാമാന്യമായി കേരവൃക്ഷങ്ങളുടെ നാടായത് കൊണ്ട് കേരളം എന്നാണ് നാം പഠിച്ചിരിക്കുന്നത്.  എന്നാൽ കേരവൃക്ഷം ഇവിടെ മാത്രമല്ല മറ്റ് ദേശങ്ങളിലും ഉണ്ട്.  കരൈ + അളം കേരളം ആകാനാണ് സാധ്യത. എന്തെന്നാൽ ഈ പ്രദേശം സമുദ്രം മാറി കര ആയതായാണ് പറയുന്നത്. കര ആയി മാറിയ അളം അഥവാ പ്രദേശം കേരളം.  മറ്റൊന്ന് കോരവളം എന്ന വാക്ക് ലോപിച്ച് കേരളം ആയി എന്ന അഭിപ്രായമാണ്. സമുദ്രതീരത്ത് ധാരാളം കൊരമ്പുല്ലുകൾ കാണപ്പെട്ടിരുന്ന പ്രദേശം ആയതിനാലാണ് കേരളം എന്നും അഭിപ്രായം.  മലമ്പ്രദേശം ഉള്ളതിനാൽ മലയാളം എന്നും, മലവാരം എന്നും പിന്നീട്  അത് മലയാളം എന്നും മലബാറെന്നും അറിയപ്പെട്ടു. കേരളമെന്നതിന് മാലേ ഓയാർ എന്നാണ് ഭാഷാ രൂപം ആയി ശബ്ദകല്പദ്രുമകാരൻ പറയുന്നത്.  വാചസ്പത്യകാരനാകട്ടെ സഗരേണ മ്ലേച്ഛതാം പ്രാപിതേ എന്നാണ് കേരളശബ്ദത്തിന്  അര്ഥം പറയുന്നത്. അതായത് സമുദ്രത്താൽ മ്ലേച്ഛത്തെ പ്രാപിച്ച സ്ഥലം എന്നര്ഥം.  ഇതു നോക്കിയാലും കേരളം എന്നതിന്  കേരളവൃക്ഷങ്ങളുടെ നാടെന്ന അര്ഥം ചേരുന്നതല്ല. കേരളശബ്ദത്തെ നോക്കിയാൽ വേദയാഗാ അനധികാരികളായ ശ്മശ്രുധാരി മ്ലേച്ഛ വിശേഷം എന്നാണ് അര്ഥം പറയുന്നത്.  മുന്പ് ഇവർ ക്ഷത്രിയന്മാരായിരുന്നു എന്നും സഗരന്മാരാൽ ധര്മ്മനാശം വന്ന്   മ്ലേച്ഛന്മാരായവരാണെന്നും പറയപ്പെടുന്നു.

കന്യാകുമാരി -അവിടെയുള്ള ദുര്ഗാക്ഷേത്രം ആണ് കന്യാകുമാരി എന്ന പേരുവരാനുള്ള കാരണം. കന്യാ എന്നാലും കുമാരി എന്നാണ് അര്ഥം. കുമാരീ എന്നാലും കുമാരി തന്നെ. യസ്മാത് കാമയതേ സർവാൻ കമേര്ധാതോശ്ച ഭാവിനി. തസ്മാത് കന്യേഹ സുശ്രോണി. യാതൊന്ന് ആഗ്രഹിക്കുന്നോ അത് എല്ലാം തന്നെ നൽകുന്നതുകൊണ്ടാണ് കന്യ എന്ന് പറയുന്നത്. ആരാണ് കൊടുക്കുന്നത് എന്നാണെങ്കിൽ കുമാരിയാണ്.  ആരാണ് കുമാരി.  ദേവിയെ  ക്രമത്തിൽ സന്ധ്യാ, സരസ്വതീ, ത്രിവിധാമൂര്ത്തി, കാലികാ, സുഭഗാ, ഉമാ, മാലിനീ, കുബ്ജികാ, കാലസംകര്ഷാ, അപരാജിതാ, രുദ്രാണി, ഭൈരവീ, മഹാലക്ഷ്മീ, പീഠനായികാ, ക്ഷേത്രജ്ഞാ, അംബികാ എന്നിങ്ങനെയാണ്  ഓരോ വര്ഷത്തേയും കണക്കാക്കി പറയുക. ഇങ്ങിനെ സകലസ്വരൂപത്തിലും വരത്തെ പ്രദാനം ചെയ്യുന്നവളായതുകൊണ്ട് കന്യാകുമാരി എന്ന് ദേവിയെ വിളിക്കുന്നു. അങ്ങിനെ കന്യാകുമാരിയായ ദേവി ഉള്ള സ്ഥലം ആയതുകൊണ്ട് അതിന് കന്യാകുമാരിയെന്ന് നാമം പറയുന്നു.  

മരുത്വാമ –   മരുത്വാമല എന്നാൽ മരുന്ന് ഉള്ള സ്ഥലമാണ് എന്ന് പറയാറുണ്ട്. എന്നാൽ മരുത് എന്നാൽ  മ്രിയതേ പ്രാണീ യസ്മാഭാവാദിതി. യാതൊന്നിന്റെ അഭാവത്തിൽ പ്രാണികൾ മരിക്കുമോ അത് ആണ് മരുത് അതായത് വായു. മരുത്വാമല എന്നാൽ അധികം വായുസഞ്ചാരമുള്ള സ്ഥലം എന്നര്ഥം.

ശുചീന്ദ്രം-  ശുചീന്ദ്രത്തെ ഇന്ദ്രൻ ശുചിയായ ഇടം എന്നാണ് പറഞ്ഞുകേള്ക്കുന്നത്. എന്നാൽ യഥാര്ഥത്തിൽ ശുചീന്ദ്രത്തിന്റെ ശരിക്കു പേര് ശിവസിന്ധുപുരം എന്നാണ്. അതു ഉച്ചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ലോപിച്ച്  ചിവേന്തരം എന്നും അതിനെ സംസ്കൃതവാക്കാക്കി ശുചീന്ദ്രം എന്നും വിളിച്ചു.

തിരുവനന്തപുരം-  എന്നതിന് തിരു അനന്ത പുരം എന്ന്  മൂന്നായി തിരിച്ചാൽ തിരു എന്നാൽ ശ്രേഷ്ഠം എന്നും അനന്തനെന്നാൽ അന്തമില്ലാത്തവലനായ വിഷ്ണ എന്നും പുരം എന്നാൽ  നഗരം എന്നും അര്ഥം സ്വീകരിക്കുന്നു. തിരുവനന്തപുരം എന്നാൽ ശ്രേഷ്ഠമായ അനന്തശായിയായി വിഷ്ണു ശയിക്കുന്ന നഗരം ആയതിനാൽ തിരുവനന്തപുരം ആയി.  തിരുവനന്തപുരത്തിന് തെക്കു തേരോ, ചെവന്തരമോ തേജാഞ്ജി കോപുരമോ ഇപ്രകാരം സ്ത്രീകൾ താരാട്ട് ചൊല്ലാറുണ്ട്.

തിരുവട്ടാർ- ഈ സ്ഥലത്തെ ചുറ്റി നദിയൊഴുകുന്നുണ്ട്. തിരുവെന്നത്  ശ്രേഷ്ഠമായ ക്ഷേത്രത്തെ കുറിക്കുന്നു. തിരുവട്ടാർ എന്നക്ഷേത്രത്തെ ചുറ്റി നദിയൊഴുകുന്നത് കൊണ്ട് തിരുവട്ടാർ.

കോവളം - കോവളത്തിന് കോ എന്നാൽ രാജാവ് എന്നും അളം എന്നതിന് പ്രദേശം എന്നുമാണ് അര്ഥം. അങ്ങിനെ കോവളം എന്ന് പേര് വന്നു. ഇതിന്റെ ഉച്ചാരണ ദാര്ഢ്യം കാരണം കൊല്ലം ആയതാകണം.

പുനലൂർ - പുനൽ  + ഊർ പുനൽ എന്നാൽ നദി എന്നര്ഥം. ഊർ എന്നാൽ ദിക്ക് എന്നര്ഥം. നദിയുള്ള ഭാഗമായതുകൊണ്ട് പുനലൂർ.

കരുനാഗപ്പള്ളി- കരുനാഗപ്പള്ളിയെന്നാൽ ശരിക്കും കരൈ നാഗപ്പള്ളി എന്നാണ് ശരിക്കും. അതായത് കരനായന്മാരുടെ ദിക്ക് എന്നര്ഥം.

കാര്ത്തികപ്പള്ളി – കാര്ത്തികേയന്റെ ക്ഷേത്രം ഉള്ള സ്ഥലമായതുകൊണ്ട് കാര്ത്തികപ്പള്ളി.

മാവേലിക്കര – മാ + വേലൈ + കര  ഇതാണ് മാവേലിക്കരയായത്. അതായത് മഹാസമുദ്രക്കര എന്നര്ഥം. വേലൈ + ഏറ്റം വേലിയേറ്റം എന്നതുപോലെ തന്നെ ഇവിടേയും മാവേലിക്കരയിലെ അര്ഥം സ്ഥീരീകരിക്കാവുന്നതാണ്.

ചേര്ത്തല- ചെളിക്കര എന്നാണ് ഇതിന് അര്ഥം. ഇപ്പോൾ നദീതീരത്തു സ്ഥിതിചെയ്യുന്ന താഴ്ന്ന നാടുകളെല്ലാം തന്നെ കടൽ വെയ്പാണല്ലോ. അതനുസരിച്ച് ചേര്ത്തല എന്നത് ചെളിയുള്ള സ്ഥലം അതായത് നദിയിൽ നിന്ന് വന്ന സ്ഥലം എന്നര്ഥത്തിൽ ചേര്ത്തല.

കടുത്തുരുത്തി - പരശുരാമൻ ഒരെ സമയം തന്നെ വൈക്കം കടുത്തുരുത്തി ഏറ്റുമാനൂർ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചു എന്നും അതിൽ രണ്ടു സ്ഥലത്ത് കൈ കൊണ്ടും കടുത്തുരുത്തിയിലെ ക്ഷേത്രം കടിച്ചു ആണ് പ്രതിഷ്ഠ നടത്തിയത് എന്നും സാമാന്യം പറയാറുള്ളത്. എന്നാൽ കടുത്തുരുത്തിയെന്നതിന് കടൽ തുരുത്ത് എന്നാണ് അര്ഥം.  അതായത് തുരുത്തായിരുന്നതുകൊണ്ട് ആണ് അതിന് ആ പേരു വന്നത് എന്നര്ഥം.

ഏറ്റുമാനൂർ - ഏറ്റുമാൽ + ഊർ - ഏറ്റുമാൽ .  അതായത് വൃഷഭവാഹനനായ ശിവൻ എന്ന അര്ഥത്തിലാണ് ഏറ്റുമാനൂരിന്  ആപേരുവന്നത്.

ആലുവാ – ആലപ്പുഴ- ആലങ്ങാട്, ആലം  എന്നാൽ വെള്ളം എന്നര്ഥം.  വളരെയധികം വെള്ളം പരക്കുന്ന സ്ഥലം എന്ന അര്ഥത്തിൽ ആണ് ഈ പേരുകൾ ഉപയോഗിച്ചിരിക്കുന്നത്.

ഹരിപ്പാട് – ചെരുതോട് എന്ന അര്ഥത്തിൽ അരുവിപ്പാട് എന്നതിൽ നിന്ന് ആണ് ഹരിപ്പാട് ആയത്..

 കൊടുങ്ങല്ലൂർ - കൊടും കോലൂർ ദണ്ഡനം ചെയ്യുന്ന സ്ഥലം. പണ്ടു കുറ്റവാളികളെ കൊണ്ടുപോയി ശിക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തിയിരുന്ന സ്ഥലം ആയിരുന്നു എന്ന് പറയപ്പെടുന്നു.  ഇവിടെ കൊടുങ്ങല്ലൂരിനെ കൊടിയ മൃഗബലി മൂലം കൊടും കൊല്ല് ഊര് എന്ന അര്ഥത്തിലും പറയുന്നുണ്ട്.  കൊടുങ്ങല്ലൂരിനെ ശൃംഗപുരം എന്നും വിളിക്കാറുണ്ട്. ആ പേരിനെ അന്വര്ഥമാക്കുന്നതാണ് ഈ നാമം. കാരണം ശൃൃ എന്ന ധാതുവിന് ശൃ ഹിംസാ എന്നാണ് അര്ഥം. അത് മുകളിൽ പറഞ്ഞ അര്ഥത്തെ ശരി വയ്കുകയും ചെയ്യുന്നു  ഈ പ്രദേശത്ത് ശിവക്ഷേത്രങ്ങളുള്ളതിനാൽ കോടിലിംഗപുരമെന്നും ഇതിനെ പറയാറുണ്ട്. അതുപോലെആശ്മകം എന്ന പേരും.  ആശ്മകം എന്നപേരു പറയുന്നത് അശ്മനാ കായതി എന്ന അര്ഥത്തിലാണ്. അശ്മനെന്നാൽ സൂര്യസാരഥിയെന്നും അരുണനെന്നും അര്ഥം പറയാം.  ഇതിനെ ചേരുന്നതാണ് കൊടുങ്ങല്ലൂരിന്റെ മഹോദയപുരം എന്ന നാമം. കാരണം മഹാൻ ഉദയ ഉന്നതിർയസ്മിൻ എന്നാണ് അര്ഥം.  കൊടുങ്ങല്ലൂരിൽ മാത്രം ദിശയ്ക്  അഥവാ ദിക്കിന് വ്യതിയാനം കാണപ്പെടുന്നു എന്നതിനാലും ഈ അര്ഥം ചേരുന്നതാണ്. ഇതിനെ തന്നെ മുസിരിസ് എന്നും മയിരിക്കോട് എന്നും പറയുന്നു.

കോഴിത്തോട്ടം – കോഴി  ഉറവുള്ള പ്രദേശം എന്ന അര്ഥത്തിലാണ് കോഴിത്തോട്ടം എന്ന് വിളിച്ചിരുന്നത്.

എറണാകുളം – ഇറൈ  + നായർ  + കുളം അതായത് ഇറൈ നായർകുളം എന്നതിൽ നിന്ന്  ഇറനായർകുളവും അതിൽ നിന്ന് ഇറണാകുളവും അതിൽ നിന്ന് എറണാകളവും ആയി.

കോടനാട് – കോട്  + നാട് അതായത് കുന്നുള്ള പ്രദേശം ആയിരുന്നതുകൊണ്ട് അതിനെ കോടനാട് എന്ന് വിശേഷിപ്പിച്ചു.

കാഞ്ഞൂർ- വള്ളിച്ചെടികൾ ഉണ്ടാകുന്ന സ്ഥലം എന്ന അര്ഥത്തിലാണ് കാഞ്ഞൂർ എന്ന പേര്.

കുമ്പളഞ്ഞി – ചെറു ചെടികൾ വളരുന്ന പ്രദേശം ആയതിനാൽ കുമ്പളഞ്ഞി

തോപ്പുംപടി – വൃക്ഷക്കൂട്ടമുള്ള സ്ഥലത്തിന്റെ സമീപപ്രദേശം ആണ് തോപ്പും പടി.

ഞാറയ്കൽ - ഞാറ എന്ന ഫലവൃക്ഷം കൂടുതൽ വളരുന്ന സ്ഥല ആയതുകൊണ്ടാണ് ഞാറയ്കൽ

വെള്ളാങ്ങല്ലൂർ - നല്ല വെളിപ്രദേശം ആയതുകൊണ്ട് വെള്ളാങ്ങല്ലൂർ.

ചാലക്കുടി – താണസ്ഥലത്തു കുടികൾ ഉള്ള ദേശം ആയതുകൊണ്ട് ചാലക്കുടി

പുതുക്കാട് – പുതുതായി ഉണ്ടായ കാട്.
പാലപ്പിള്ളി – കള്ളിച്ചെടി പാലമരം തുടങ്ങിയ ഉണ്ടാകുന്ന സ്ഥലത്തേയും കടൽക്കരയേയും ഈ പേരുവിളിക്കാറുണ്ട്..

പരപ്പൂക്കര – പരപ്പ്  + ഊർ  +  കര  അതായത് പരന്ന കരപ്രദേശം എന്നര്ഥത്തിൽ പരപ്പൂക്കര

കൊടകര – കുന്നുപ്രദേശം എന്നര്ഥം. കോട് എന്നാൽ കുന്നെന്നര്ഥം.
പതിയാരം – ആഞ്ഞിലി, ചന്ദനം എന്നിവ മുതലായ വൃക്ഷങ്ങൾ ഉണ്ടാകുന്ന അഥവാ വളരുന്ന സ്ഥലം ആണ് പതിയാരം.

അഴീക്കോട് – ആഴി എന്നാൽ സമുദ്രം. സമുദ്രത്തിന്റെ കര ആയതുകൊണ്ട് അഴീക്കോട്.

കോട്ടപ്പുറം – കോട്ടയുടെ സമീപപ്രദേശം ആയതുകൊണ്ട് കോട്ടപ്പുറം.

ചേലക്കര – ചേലമരം ഉണ്ടാകുന്ന സ്ഥലം ആയതുകൊണ്ട് ചേലക്കര

കോടശ്ശേരി – കുന്നും മലയും ഉള്ള പ്രദേശം.

അതിരപ്പിള്ളി – അതൃത്തിസ്ഥലം എന്ന അര്ഥത്തിൽ അതിരപ്പിള്ളി..

വരൈയിൻ തീരപ്പള്ളി – വരന്തിരപ്പള്ളി.. വരൈ എന്നാൽ മല. തീരം എന്നാൽ അരിക്. പള്ളി എന്നാൽ ദേശം അഥവാ ഊര്. മലയുടെ തീരപ്രദേശം എന്നര്ഥം.

മുണ്ടൂർ - കായലിന്നു സമീപമുള്ള ചെറിയ ഊര് അല്ലെങ്കിൽ ദിക്ക്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് പള്ളി എന്നവാക്ക്.  ദ്രാവിഡശബ്ദത്തിൽ പുരുഷാരുമുള്ള സ്ഥലം എന്നാണ് പള്ളിയ്ക് അര്ഥം. ദേവാലയങ്ങള്ക്കും, വിദ്യാലയങ്ങള്ക്കും പട്ടണത്തിനും ഗ്രാമത്തിനുമെല്ലാം ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ത്രിശിനാപ്പള്ള, പുതുപ്പള്ളി, ഇടപ്പള്ളി, കാര്ത്തികപ്പള്ളി, എന്നെല്ലാം ഉദാഹരണമായി പറയാവുന്നതാണ്. കൂടാതെ പള്ളിവേട്ട, പള്ളികൂടം, പള്ളിയുണര്ത്തൽ തുടങ്ങിയവയും ഇതേ അര്ഥത്തെ തന്നെയാണ് ധ്വനിപ്പിക്കുന്നത്.

ചങ്ങനാശ്ശേരി – ചങ്ങനാശ്ശേരിയും പരിസരപ്രദേശങ്ങളും കടലിനടിയിൽ ആയിരുന്നു എന്നും വലിയ കടൽത്തീരം കാലാന്തരത്തിൽ പെരുന്നയായി (പേരും നെയ്തൽ) തീര്ന്നെന്നും, കടലിനടുത്ത ചേരി ചെങ്ങ (വെള്ളം) ചങ്ങനാശ്ശേരിയായിത്തീര്ന്നെന്നും , കായലിനടുത്തുള്ള പായൽ നിരഞ്ഞ പാടം പായിപ്പാട് ആയി മാറിയെന്നും ആണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം.
ശംഖുനാദശ്ശേരി – തെക്കും കൂർ രാജവംശത്തിൽ പുഴവാത് നീരാഴികൊട്ടാരത്തിൽ നിന്നും രാജഭരണം നടത്തിയിരുന്ന മഹാരാജാവ് തന്റെ രാജ്യത്തിനെ പ്രധാന മൂന്നു മതസ്ഥരേയും അതായത് ഹിന്ദു ക്രിസ്ത്യൻ മുസ്ലീം ഒരുമിച്ചുനിര്ത്തുവാൻ മൂന്നു ദേവാലയങ്ങൾ പണികഴിപ്പിച്ചു. കാവിൽ ഭഗവതിക്ഷേത്രം മെത്രാപൊലിത്തൻ പള്ളി, പഴയപള്ളി ജുമാ മസ്ജിദ് ഇവയാണ് അവ.  ക്ഷേത്രത്തിലെ ശംഖധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരുവാൻ നീരാഴി കൊട്ടാരത്തിനു സമീപം ആണ് ഇവ മൂന്നും പണികഴിപ്പിച്ചത്. ഇങ്ങിനെ മൂന്നു ധ്വനികൾ ഉയരുന്ന നഗരം ശംഖു നാദ ശേരി യായി അറിയപ്പെടുകയും പിന്നീട് ചങ്ങനാശ്ശേരിയായും മാറി.

ചാവക്കാട് - ചാവൽക്കാട് ചാവൽ മരങ്ങൾ നിറഞ്ഞ സ്ഥലം ആണ് ചാവക്കാട് എന്ന് ആണ് പറയപ്പെടുന്നത്.

തൃക്കൊടിസ്ഥാനം- ഈ പേര് ക്ഷേത്രസംബന്ധിയായതാണ്. തിരുഘടികാസ്ഥാനം-തിരുഘടിസ്ഥാനം-തിരുകടിത്താനം- തൃക്കൊടിത്താനം. ബഹുമാനിക്കപ്പെടുന്ന രാജധാനിയെന്നും, തിരുരക്ഷാസ്ഥാനം എന്നും തിരുനന്തവനസ്ഥാനം, ആദരണീയമായ ഘടികസ്ഥാനം എന്നും അര്ഥമാകുന്ന തിരുകടിത്താനം എന്ന പേരാണ് ഈ നാടിനുണ്ടായിരുന്നത്

ഗുരുവായൂർ - ഗുരുവും വായുവും ചേര്ന്ന് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയ സ്ഥലം എന്ന കഥയ്കാണ് സാമാന്യമായി പ്രചാരം എന്നാൽ  കുരവൈ ഊർ- കുരവകൂത്ത് നടന്നിരുന്ന സ്ഥലം എന്ന് കൂടി ഗുരുവായൂരിനു ഒരു ഐതിഹ്യമുണ്ട്.

ചെങ്ങന്നൂർ - ചെങ്കൽ ഊർ അഥവാ ധാരാലം ചെങ്കല്ല് അവിടെയുള്ളതുകൊമ്ട് ചെങ്ങന്നൂരായി എന്നും ഒരു മതം.

പയ്യന്നൂർ - പയ്യന്റെ ഊര് അഥവാ സുബ്രഹ്മണ്യന്റെ ഊര് എന്ന അര്ഥത്തിൽ പറയുന്നു

കണ്ണൂർ- കണ്ണന്റെ ഊര് എന്ന അര്ഥത്തിൽ കണ്ണൂർ എന്ന് സാമാന്യ അര്ഥം. കണ്ണൂർ പൂർവ നാമം കോലോത്ത് നാട് എന്നാണ്. പൂർവകേരളത്തിന്റെ വടക്ക് അതിരായ ഗോകര്ണ്ണത്തു നിന്നും തെക്കതിരായ ഭരതപുഴ വരെ ആറു ഫീറ്റ്  കോൽകൊണ്ട് അളന്നാൽ നേര്പകുതി ദൂരം. അതായത്  ഇരുഭാഗത്തു നിന്നും കോൽ ഒത്ത സ്ഥലം എന്ന് അര്ഥം.  അതുകൊണ്ട്  കണ്ണൂർ.

തിരവൻ വണ്ടൂർ - തിരുവൻ എന്നാൽ വിഷ്ണു. വണ്ടൂർ എന്നാൽ വലിയ ഊര്. വലിയ വീട് അഥവാ ക്ഷേത്രം എന്നര്ഥം. ഇവിടെത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിൽ വളരെ വലുതാണ് പ്രത്യേകിച്ച് രണ്ടു നിലകളോടു കൂടിയതാണ്. നകുലനാൽ പ്രതിഷ്ഠിക്കപ്പെട്ട പ്രതിഷ്ഠയ്കാകട്ടെ പത്ത് അടിയോളം പൊക്കവും ഉണ്ട് എന്നാണ് ഐതിഹ്യം.

തൃപ്പൂണിത്തുറ – കോവിലകങ്ങളുടെ നാടെന്ന് അറിയപ്പെടുന്ന തൃപ്പൂണിത്തുറയുടെ ശരിയായ നാമം പൂര്ണവേദപുരിയെന്നാണ്. ത്രി പൂര്ണം തുറ എന്ന മൂന്നു പദങ്ങൾ ഒരുമിച്ചു ചേര്ന്ന് തൃപ്പൂണിത്തുറയായി. മൂന്നു പൂര്ണമായിരിക്കുന്ന ദേശം ആണ് തൃപ്പൂണിത്തുറ. മൂന്നു വേദങ്ങളും പൂര്ണമായി ഉച്ചരിക്കുന്ന സ്ഥലം ആയിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ഈ പൂര്ണങ്ങള്ക്ക് അഥവാ മൂന്നു വേദങ്ങല്ക്കും  ഈശ്വരനായിരിക്കുന്നതുകൊണ്ട് പൂര്ണത്രയീശനെന്ന് നാം വിളിക്കുന്നതും.

തിരുമാന്ധാംകുന്ന് – മാന്ധാതാവ് മഹര്ഷി തപസ്സുചെയ്തിരുന്ന സ്ഥലം ആണ് തിരുമാന്ധാം കുന്ന്. മാന്ധാ എന്നതിന്  മാം ധരയതീതി എന്നാണ് അര്ഥം. അതായത്  തന്നെ ധരിക്കുന്നത് എന്നര്ഥം.  ശ്രേഷ്ഠമായി നമ്മെ ധരിക്കുന്ന ദേവി ഇരിക്കുന്ന കുന്നായതുകൊണ്ട് തിരുമാന്ധാംകുന്ന്.

പാലക്കാട്  - തമിഴ് സാഹിത്യത്തിലെ പൊറെനാടും നേടുംപുറെയൂരും പാലക്കാടാണ്. പാറക്കാടാവണം പാലക്കാടായത് എന്നും പറയുന്നു.

കാലടി -  ശശലം എന്ന പേരായിരുന്നു ഇതിന് ആദ്യം ഉണ്ടായിരുന്നത്.  ശശലം എന്നാൽ  ശശേന പ്ലവേന ഗച്ഛതി എന്നര്ഥം. അതായത് വേഗത്തിൽ പോകുന്നത് എന്നര്ഥം. ശ്രീശങ്കരാചാര്യരുടെ അമ്മ മൂന്നു കിലോമീറ്റർ മാറി ഒഴുകിയിരുന്ന പൂര്ണാ നദിയിൽ കുളിച്ച് ഇല്ലപ്പറമ്പിൽ തന്നെ ഉള്ള കുലദേവനായ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദര്ശനം നടത്തുക പതിവായിരുന്നു.  ഒരു ദിവസം ക്ഷീണം താങ്ങാനാകാതെ തളര്ന്നു വീണു. ശങ്കരന്റെ പ്രാര്ഥനയിൽ മനമലിഞ്ഞ ശ്രീകൃഷ്ണൻ, ഉണ്ണീകാലടി വരയുന്നിടത്ത് നദി ഗതിആവും എന്ന്  വരം കൊടുത്തു.  ശങ്കരൻ തന്റെ ഇല്ലപ്പറമ്പിൽ കാലടി വരയുകയും പൂര്ണാനദി അന്നുമുതൽ ഗതിമാറി ഇല്ലപ്പറമ്പിലൂടെ ഒഴുകാനാരംഭിച്ചു. അങ്ങിനെ കാലടി വരഞ്ഞു നദി ഗതിമാറ്റിയ ഇടം ശശലം എന്ന പേരുമാറി കാലടി ആയി അറിയപ്പെടുകയും ചെയ്തു.

അമ്പലപ്പുഴ – അമ്പലപ്പുഴയുടെ പേര് അമ്പലത്തിൽ വിഗ്രഹം ഉറക്കാതെ വന്നപ്പോൾ നാറാണത്തു ഭ്രാന്തൻ താമ്പൂലം ചവച്ചു തുപ്പി അതിൽ വിഗ്രഹം ഉറപ്പിച്ചു അതുമായി ബന്ധപ്പെട്ടാണ് താമ്പൂലപ്പുഴയെന്ന പേരു വന്നത്.

ഇരിങ്ങാലക്കുട അഥവാ ഇരഞ്ഞാലകുട- കുലീപനി എന്ന ഋഷി അവിടെ തപസ്സു ചെയ്യുകയും യജ്ഞ പുരുഷൻ പ്രത്യക്ഷനായി അദ്ദേഹത്തിന്റെ അടുത്തിരിക്കുകയും അങ്ങിനെ ഇരുന്ന ആൾ കൂടെ  എന്നതിൽ നിന്ന് ഇരിങ്ങാലക്കുടയായി എന്നും ഐതിഹ്യം.  അതുപോലെ ഇളംകോവടികൾ ഇലംകോചേരൻ ഇവിടെ വസിച്ചു എന്നും ഇളംകോ ചേര ക്കൊടയാ3ണ് ഇരിങ്ങാലക്കുടയായതെന്നും പറയുന്നുണ്ട്.

ഏഴിമലൈ- എലിമലൈ അഥവാ സംസ്കൃതത്തിൽ മൂഷകശൈലം എന്നും പറയുന്നു.

വൈയ്കം വടക്കുംകൂർ വ്യാഘ്രപാദപുരം-  വ്യാഘ്രപാദർ തപസ് ചെയ്തതിനാൽ വ്യാഘ്രപാദപുരം എന്നും പിന്നീട് വടക്കുംകൂർ രാജവംശം ഭരിച്ചപ്പോൾ വടക്കുംകൂർ ആയും, തിരുവിതാംകൂറിന്റെ ഭാഗമായപ്പോൾ വൈയ്കം. ഇന്ന് വൈക്കം എന്ന് പേരുവിളിക്കുന്നു.

നെടുമങ്ങാട് – ഇള വള്ളുവർ നാട്. ഈ നാട് വാണ അവസാന രാണി കോത. അതോടെ ഈ നാടിനു കൊക്കോതമംഗംല എന്ന പേരും വന്നു.

കോഴിക്കോട് -  കോയിൽ (കൊട്ടാരം) കോട്ടയാണ് കോഴിക്കാട് ആയതെന്നും തളിക്ഷേത്രത്തിൽ നിന്നും കോഴികൂവിയാൽ കേള്ക്കുന്നിടമാണ് കോഴിക്കോടായതെന്നും കേള്ക്കുന്നു.
കൊട്ടിയൂർ- മലബാറിലെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ തൃച്ചെറുമന്ന് സ്ഥിതിചെയ്യുന്നത് കൊട്ടിയൂരാണ്. കൂടിയ ഊരാണ് കൊട്ടിയൂരായത്. ഉയര്ന്നത് എന്ന അര്ഥത്തിലാണ് കൊടിയ എന്ന പദം പ്രയോഗിച്ചിരിക്കുന്നത്.  ഇര്ന്ന ചൈതന്യവത്തായ പ്രദേശം എന്നാണി പ്രയോഗം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

ചാലക്കുടിപുഴ – പഴയ വേദപഠനശാലകളിൽ പ്രമുഖമായ മൂഴിക്കുളം ശാല പൂര്ണാ നദി അഥവാ ഇന്നത്തെ ചാലക്കുടിപുഴയുടെ തീരത്താണ്. പുഴയുടെ തീരത്ത് ശാലയും  കുടി അഥവാ വീടുകളും ഉണ്ടായിരുന്നതിൽ നിന്നാണ് ശാലൈകുടി എന്ന പേര് പൂര്ണാനദിയ്ക് ലഭിക്കുന്നതും കാലാന്തരത്തിൽ അത് ലോപിച്ച് ചാലക്കുടിപ്പുഴ ആയി എന്നും ചരിത്രം പറയുന്നു.

കുട്ടനാട് – ചുട്ടനാട് ആണ് കുട്ടനാട് ആയത് എന്ന് പറയുന്നു. പ്രസിദ്ധമായ ഖാണ്ഡവവനം ഈ പ്രദേശത്തായിരുന്നു എന്നാണ് പറയുന്നത്. ഖാണ്ഡവും ചുട്ട നാട് പിന്നീട് കുട്ടനാടായി പരിണമിച്ചു.  ഇപ്പോഴും ആഴമേറിയ കുഴികൾ എടുക്കുമ്പോൾ കരിഞ്ഞ മരക്കഷണങ്ങൾ ലഭിക്കാറുണ്ട്. ഇവയെ കണ്ടാമരം അഥവാ ഖാണ്ഡവവനത്തിലെ മരം  എന്നാണ് പറയുക

മണ്ണാറശ്ശാല -പണ്ട് ശ്രീ പരശുരാമൻ പരദേശങ്ങളിൽ നിന്നും ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തിൽ താമസിപ്പിച്ച കഥ നമുക്ക് അറിയുമല്ലോ. എന്നാൽ അന്ന് കേരളത്തിൽ മുഴുവനും ഓരുവെള്ളമായിരുന്നു. മുഴുവനും പാമ്പുകളുടെ ശല്യവും. ഈ രണ്ടുകാരണങ്ങൾ കൊണ്ട് വന്ന ബ്രാഹ്മണരിൽ ഭൂരിഭാഗവും തിരിച്ചു പോയി. അങ്ങനെ വിഷണ്ണനായ പരശുരാമൻ തന്റെ ഗുരുവായ ശ്രീ പരമേശ്വരനെ  കണ്ടു കാര്യം പറഞ്ഞു. സർപ്പരാജാവായ വാസുകിയെ കണ്ടു പറഞ്ഞാൽ പ്രശ്ന പരിഹാരം ഉണ്ടാവും എന്ന് പരമശിവൻ പറഞ്ഞതനുസരിച്ച് മഹർഷി വാസുകിയുടെ അടുത്തെത്തി. വാസുകി തന്റെ കഴിവുകൊണ്ട് വെള്ളത്തിലെ ലവണരസം മുഴുവനും ആകർഷിച്ചു സമുദ്രത്തിലാക്കുകയും സര്പ്പങ്ങളോട് പൊത്തുകളിലും മനുഷ്യവാസം അധികമില്ലാത്ത സ്ഥലങ്ങളിലും താമസിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. എങ്കിലും സർപ്പങ്ങളുടെ ബാഹുല്യം നിമിത്തമുള്ള അധിക പ്രശ്നങ്ങൾ വരാതിരിക്കാൻ ഓരോ കുടുംബവും ഒരു കാവുണ്ടാക്കി സര്പ്പങ്ങൾക്ക് വാസസ്ഥാനം ഒരുക്കണം എന്നും, അവയെ ദൈവങ്ങളെ പോലെ ബഹുമാനിക്കുകയും വേണം എന്നാവശ്യപ്പെട്ടു. അപ്രകാരം ഓരോ വീട്ടിലും കാവുണ്ടായി. പിന്നീട് പരശുരാമൻ കേരളത്തിൽ ഇപ്പോൾ മണ്ണാറ  ശാല എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സു ചെയ്ത ശേഷം അവിടെ നാഗരാജാവിനെയും നാഗ്യക്ഷിയെയും പ്രതിഷ്ടിച്ചു  പരദേശ പര്യടനത്തിനു പോയി. അവിടെ നോക്കി നടത്താൻ ഒരു ബ്രാഹ്മണ കുടുംബത്തെ എല്പ്പിക്കുകയും ചെയ്തു.
ഖാണ്ഡവ ദഹന സമയത്ത് ഈ കാവിലെക്കും തീ പടർന്നു. സർപ്പങ്ങൾ എല്ലാം ചൂടുകാരണം കഷ്ടപ്പെടാൻ തുടങ്ങി. അന്നേരം ആ ഇല്ലത്തുണ്ടായിരുന്ന രണ്ടു അന്തർജനങ്ങൾ അവിടുത്തെ കുളത്തിൽ ഇറങ്ങി തീ കെടുന്നത്‌ വരെ വെള്ളം കോരിയൊഴിച്ച് മണ്ണ്  തണുപ്പിച്ചു സർപ്പങ്ങളെ രക്ഷിച്ചു. വെള്ളം കോരിയൊഴിച്ച് തണു പ്പിക്കവേ ഒരവസരത്തിൽ ഒരു അശരീരി കേട്ടു. മണ്ണാറി ഇനി മതി എന്നായിരുന്നു ആ അശരീരി. അങ്ങനെ മണ്ണ് ആറിയ ഇടമാണ് മണ്ണാറശാല. വാസുകിയാണ് മണ്ണാറി എന്ന് വിളിച്ചു പറഞ്ഞത് എന്നാണു വിശ്വാസം. (വിശദമായ കഥ ഐതീഹ്യമാലയിൽ ഉണ്ട്)

സുൽത്താൻ ബത്തേരി  - സുൽത്താൻ ബത്തെരി എന്ന പേര്  അവിടെയുള്ള ഗണപതിക്ഷേത്രം കാരണമാണ് വന്നത്. ആദ്യപേര്   ഗണപതിവട്ടം എന്നായിരുന്നു. ഒന്പതാം നൂറ്റാണ്ട് മുതൽ അവിടെ ഗണപതിക്ഷേത്രം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ടിപ്പുസൽത്താൻ അത് തകര്ത്ത് അതിന്റെ കല്ലുകൾ കോട്ട കെട്ടാൻ ഉപയോഗിച്ചിരുന്നു എന്നാണ് വായിച്ചിരിക്കുന്നത്.

ഇങ്ങിനെ കേരളത്തിലെ പ്രധാനസ്ഥലങ്ങളിലൂടെ ഒരു യാത്രപോയാൽ ഓരോ സ്ഥലങ്ങളും അവിടത്തെ പേരുകളും   ഐതിഹ്യങ്ങളും ചിലത് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴും നാം അതിനെ മറക്കുകയാണ് പതിവ്. ചരിത്രം പഠിക്കുമ്പോൾ ഇതുകൂടി നാം അറിഞ്ഞിരിക്കേണ്ടതാണ്.  ഇതെഴുതിതീര്ത്തത് ഒരുപാടു സുഹൃത്തുക്കളുടെ സഹായത്താലാണ് അതുകൊണ്ട് കടപ്പാട്  എല്ലാത്തിനും ആധാരമായ ദേവിയ്കായി  സമര്പ്പിക്കുന്നു. ഹരിഓം

ഇന്നലെകളുടെ നേർക്കാഴ്ചകൾ  fb ഗ്രൂപ്പിൽ കൃഷ്ണകുമാർ എഴുതിയ ലേഖനം .മാന്യ വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക .

fb Link https://m.facebook.com/groups/450064555118899?view=permalink&id=573034006155286

2 comments:

  1. ഭീകരമായിരിക്കുന്നു താങ്കളുടെ സ്ഥലനാമവിശേഷം

    ReplyDelete
  2. ഒന്നുകിൽ ചരിത്രം പറയുക അല്ലെങ്കിൽ നാലണക്കു വിലയില്ലാത്ത ഐതിഹ്യം പറയുക ഇതൊരു മാതിരി അവിടെയുമല്ല ഇവിടെയുമല്ലാത്ത നിർമ്മിതി

    ReplyDelete